Veena Majumdhar


Mthrubhumi

09/06/2013


By Susmitha in Ethinottam:-



ഉരുളുന്ന കല്ല്
ഉരുളുന്ന കല്ലില്‍ ഒരിക്കലും പായല്‍ പിടിക്കില്ലെന്ന് പഴഞ്ചൊല്ല്. അറിവും അനുഭവവും നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന ജീവിതവും അതുപോലെ തന്നെ. വീണ മജുംദാര്‍ തന്റെ ജീവിതകഥയ്ക്ക് 'ഉരുളുന്ന കല്ല്' എന്ന പേരിട്ടത് എത്ര അന്വര്‍ഥമാണെന്നറിയാന്‍ ആ ജീവിതം അടുത്തറിഞ്ഞാല്‍ മതി. ഇന്ത്യയിലെ വനിതാ പ്രസ്ഥാനങ്ങളുടെ തലതൊട്ടമ്മയെന്ന് വിശേഷിപ്പിക്കാം വീണ മജുംദാറിനെ. കഴിഞ്ഞ ദിവസം ഡല്‍ഹില്‍ അന്തരിച്ച വീണ അപൂര്‍വ്വ പ്രതിഭ മാത്രമായിരുന്നില്ല, പരിചയപ്പെട്ടവര്‍ക്കെല്ലാം സ്‌നേഹമയിയായ ജ്യേഷ്ഠസഹോദരി കൂടിയായിരുന്നു. 86-ാം വയസ്സില്‍ ആയിരുന്നു അന്ത്യം.
സ്വാതന്ത്ര്യപ്പുലരി കണ്ട്

ഒരു ഇടത്തരം ബംഗാളി കുടുംബത്തില്‍ അഞ്ച് മക്കളില്‍ ഏറ്റവും ഇളയവളായി ജനിച്ച വീണ ദേശീയപ്രസ്ഥാനത്തിന്റെ മഹത്തായ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് വളര്‍ന്ന ഒരു തലമുറയിലെ അവശേഷിക്കുന്ന കണ്ണികളില്‍ ഒരാളായിരുന്നു. 1947 ആഗസ്ത് 14-ന് അര്‍ധരാത്രിയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രശസ്തമായ 'ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി' പ്രസംഗം നേരിട്ടു കേള്‍ക്കാന്‍ അവര്‍ക്ക് ഭാഗ്യമുണ്ടായി. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ബംഗാളില്‍ നടക്കുന്ന വര്‍ഗ്ഗീയ കൂട്ടക്കൊലയില്‍ അവര്‍ അസ്വസ്ഥയായിരുന്നു. കല്‍ക്കത്തയിലെ ഡയൊസീഷ്യന്‍ ഗേള്‍സ് സകൂളില്‍ പഠനം ആരംഭിച്ച അവര്‍ ബനാറസ്, പാട്‌ന, ഡെല്‍ഹി, സിംല, ബെഹാരാംപൂര്‍, ഓക്‌സഫോഡ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. 1951-ല്‍ പട്‌ന സര്‍വ്വകലാശാലയില്‍ രാഷ്ട്രതന്ത്രം അധ്യാപികയായി ചേര്‍ന്ന അവര്‍ പരമ്പരാഗത അധ്യാപന രീതികളെ അട്ടിമറിച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ടീച്ചറായി മാറി. 14 വര്‍ഷത്തിനിടെ ഏഴ് ജോലികള്‍ മാറിമാറിച്ചെയ്ത വീണ 53-ാം വയസ്സില്‍ ഡെല്‍ഹിയില്‍ സെന്റര്‍ ഫോര്‍ വിമെന്‍സ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ് ആരംഭിച്ചു. ഇന്ത്യയില്‍ സ്ത്രീപഠന രംഗത്ത് ഇന്നും ഏറ്റവും പ്രമുഖ സ്ഥാപനമാണിത്.
തുല്യതയിലേക്ക്

ഇന്ത്യയില്‍ സ്ത്രീവിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം പകര്‍ന്നത് 1975-ല്‍ വീണയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ 'തുല്യതയിലേക്ക്' എന്ന പഠന റിപ്പോര്‍ട്ടായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര വനിതാ വര്‍ഷത്തില്‍ ഇന്ത്യയിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥകളെ തുറന്നു കാട്ടിയ ഈ പഠനം ഇപ്പോഴും പ്രസക്തമാണ. ഗവേഷണവും ആക്ടിവിസവും കോര്‍ത്തിണക്കിക്കൊണ്ടുള്ള വീണയുടെ ശൈലിയും ഒരു പരീക്ഷണമായിരുന്നു. പശ്ചിമബംഗാളിലെ ബങ്കുരയിലും മേദിനിപ്പൂരിലും ഭൂരഹിത കര്‍ഷക തൊഴിലാളി സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു ഈ പരിപാടി. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തെ രാഷ്ട്രീയ സമരമായിട്ടാണ് അവര്‍ കണ്ടത്. ഗ്രാമീണ സ്്ത്രീകളുടെ പ്രായോഗിക ബുദ്ധിയും പക്വതയും അവരെ ഏറെ സ്വാധീനിച്ചിരുന്നു.
സ്ത്രീസമത്വം എന്ന ആശയത്തിന് ഇന്നത്തെ അത്ര പോലും സ്വീകാര്യത ഇല്ലാത്ത ഒരു കാലത്താണ് അവര്‍ പ്രവര്‍ത്തനം തുടങ്ങിയത്. പക്ഷേ, അനീതികള്‍ക്കെതിരെ ഒരിക്കലും തളരാത്ത പോരാളിയായിരുന്നു അവര്‍. വിദ്യാര്‍ഥിയായിരിക്കുന്ന കാലത്തു തന്നെ സാമൂഹിക പ്രശ്‌നങ്ങളില്‍ വീണ ഇടപെട്ടു തുടങ്ങി. കോളേജില്‍ പഠിക്കവെ പെണ്‍മക്കള്‍ക്ക് സ്വത്തവകാശം നല്‍കുന്നതു സംബന്ധിച്ച രാമറാവു കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. മഹാത്മാഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ഒരു സംഘം വിദ്യാര്‍ഥിനികളുമായി അവര്‍ യാത്ര നടത്തി. പട്‌ന സര്‍വ്വകലാശാലയിലെ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആദ്യ സെക്രട്ടറിയായിരിക്കെ ബീഹാര്‍ സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ സര്‍വ്വകലാശാല നിയമത്തിനെതിരായ സമരത്തിന് നേതൃത്വം നല്‍കി. 1981-ല്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപം കൊണ്ടപ്പോള്‍ ചെന്നൈയില്‍ നടന്ന ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് വീണയായിരുന്നു. മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിലൂടെ സ്ത്രീപ്രശ്‌നങ്ങള്‍ ഇത്ര ആഴത്തില്‍ അപഗ്രഥിച്ച മറ്റൊരാള്‍ ഇല്ലെന്നു പറയാം. പക്ഷേ, ഒരിക്കലും അവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായതുമില്ല.
ഇന്ത്യയിലെ വ്യത്യസ്ത വനിതാ സംഘടനകളെയും ഗ്രൂപ്പുകളെയും ഒന്നിച്ച് അണിനിരത്തുന്നതില്‍ വീണയുടെ സംഭാവന വലുതായിരുന്നു. പുതുതായി പ്രവര്‍ത്തനരംഗത്തേക്ക് വരുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും എന്നും അവര്‍ തണലേകി. നിരവധി ചെറു ഗ്രൂപ്പുകള്‍ അവരുടെ സഹായത്തോടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. 1975-ല്‍ അന്താരാഷ്ട്ര വനിതാ വര്‍ഷത്തിന്റെ ഭാഗമായി കേരള സര്‍വ്വകലാശാല സംഘടിപ്പിച്ച വനിതാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ വീണ മജുംദാര്‍ കേരളത്തില്‍ എത്തിയിരുന്നു. അഗാധമായ അറിവായിരുന്നു അവരുടെ ഏറ്റവും വലിയ സവിശേഷതയെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത കേരളത്തിലെ വനിതാ പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
അടിമുടി ഫെമിനിസ്റ്റ്

മുന്‍ ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ വീണ മജുംദാരെ ഓര്‍ത്തത് ഇങ്ങനെ : 'പട്‌ന സര്‍വ്വകലാശാലയില്‍ എന്റെ അധ്യാപികയായിരുന്നു അവര്‍. ഞാന്‍ അവരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിയും. അവരുടെ വിശ്വാസങ്ങളോ അഭിപ്രായങ്ങളോ ആരുടെ മേലും അടിച്ചേല്പിക്കാന്‍ അവര്‍ ശ്രമിച്ചില്ല. ചര്‍ച്ചയിലൂടെ വിദ്യാര്‍ഥികളെ ഓരോ വിഷയത്തിലേക്കും നയിക്കുകയായിരുന്നു അവരുടെ രീതി. പരമ്പരാഗത ശൈലിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അവരുടെ പഠിപ്പിക്കല്‍. എനിക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപികയായിരുന്നു അവര്‍.'
അടിമുടി ഫെമിനിസ്റ്റായിരുന്നു വീണ. ഒപ്പം മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകയും ഭരണാധികാരിയും ഗവേഷകയും ചിന്തകയും പ്രാസംഗികയും അമ്മയും ഭാര്യയും പോരാളിയും അങ്ങനെ പലതും. അതിലൊക്കെ ഉപരി തികഞ്ഞ മനുഷ്യസ്‌നേഹിയും. രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് മനുഷ്യരുടെ മനസ്സില്‍ സ്‌നേഹമയിയായ ജ്യേഷ്ഠ സഹോദരിയായി അവര്‍ നിറഞ്ഞു നില്‍ക്കുന്നു. 


Comments

Popular posts from this blog

Sardar Vallabhbhai Patel Biography :

20. BALASUNDARAM :

Sivananda's Personality - 15.